
ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു..
കസബ » A RETROSPECT
✦റിലീസിംഗിനു മുൻപ്, ഇത്രയേറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടതായി വന്ന ഒരു മലയാളസിനിമ വേറെയുണ്ടാവില്ല. അതുവഴി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഹൈപ്പും, സമീപ കാല മമ്മൂട്ടിച്ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയും 'കസബ'ക്ക് ലഭിക്കുകയുണ്ടായി.
■ധാരാളം നവാഗത സംവിധായകരെ മലയാളസിനിമയിലേക്ക് ആനയിച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. തീ പാറുന്ന തൂലികയുടെ ഉടമയും, ഏവർക്കും പ്രിയങ്കരനായ നടനുമായ രഞ്‌ജി പണിക്കറുടെ മകനായ, നിതിൻ രഞ്‌ജി പണിക്കറും, കസബയിലൂടെ, മമ്മൂട്ടിയുടെ കൈ പിടിച്ച് സിനിമാരംഗത്തേക്കെത്തുകയാണ്. എങ്കിലും അഛൻ ആനപ്പുറത്തു കയറിയാൽ മകന് തഴമ്പുണ്ടാകുമോ? ഇല്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഞാൻ ചിത്രത്തിനു കയറി.
»SYNOPSIS
■136 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാജൻ സക്കറിയ അലസനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. സ്ത്രീകളോട് താത്പര്യക്കൂടുതലുള്ള അദ്ദേഹം, അലക്ഷ്യമായി യൂണിഫോം ധരിച്ച്, ചെറിയ കോമഡികളൊക്കെ പറഞ്ഞ്, അത്യാവശ്യം കുരുത്തക്കേടുകളൊക്കെ കാണിച്ചു നടക്കുന്ന ഒരാളാണ്. കേരള കർണ്ണാടക അതിർത്തിയായ കാളിയൂർ എന്ന സ്ഥലത്തേയ്ക്ക് തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ച ഒരു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പോകേണ്ടിവരുന്നതിൽ നിന്നും ചിത്രത്തിന്റെ കഥ വികസിക്കുന്നു.
👥CAST & PERFORMANCES
■CI രാജൻ സക്കറിയ എന്ന, അലസനും എന്നാൽ രസികനുമായ പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ചു. ചിത്രത്തിനു മുഴുവൻ ഊർജ്ജം പകരുന്നതിൽ, മമ്മൂട്ടി അവതരിപ്പിച്ച നായകവേഷം വലിയൊരു പങ്കുവഹിച്ചു. ആദ്യപകുതിയിൽ രാജൻ സക്കറിയ എപ്പോൾ വാതുറന്നോ അപ്പോഴെല്ലാം തിയെറ്റർ നിറഞ്ഞ കയ്യടിയായിരുന്നു.
■IG ചന്ദ്രശേഖരൻ എന്ന സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അർജ്ജുൻ എന്ന കഥാപാത്രത്തെ, സിദ്ധിഖിന്റെ മകനായ ഷഹീൻ സിദ്ധിഖ് തന്നെ അവതരിപ്പിച്ചു. എല്ലാ ചിത്രങ്ങളിലും, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിക്കാറുള്ള സിദ്ധിഖിന്റെ പെർഫോമൻസ് വിലയിരുത്താൻ വാക്കുകൾ തികയില്ല. എന്നാൽ സ്ക്രീൻ സ്പേസ് കുറവായിരുന്നു.
■ലീലയിലെ ഗംഭീര പ്രകടനത്തിനുശേഷം, ഈ ചിത്രത്തിൽ മുകുന്ദൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ജഗദീഷ് നല്ല പെർഫോൻസ് കാഴ്ചവച്ചു. അതിശക്തയായ സ്ത്രീസാന്നിധ്യമായ കമലയായി വേഷമിട്ടത്, വരലക്ഷ്മി ശരത്‌കുമാർ.
■പൗരുഷത്തിന്റെ പ്രതീകമായ പരമേശ്വരൻ നമ്പ്യാർ എന്ന രാഷ്ട്രീയ നേതാവായി, സമ്പത്ത് വേഷമിട്ടു, അലൻഷ്യർ അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രവും, മഖ്ബൂൽ സൽമാൻ അവതരിപ്പിച്ച ജഗൻ മേനോൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. ഇവരേക്കൂടാതെ Neha Sexeena, ബിജു പപ്പൻ, ശശി കലിംഗ, അബുസലീം തുടങ്ങിയവരും ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
📽CINEMATOGRAPHY
■Sameer Haq-ന്റെ ഛായാഗ്രഹണമികവ് എടുത്തുകാണിക്കത്തക്ക രംഗങ്ങൾ ചിത്രത്തിൽ കുറവായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■ചിത്രത്തിലെ ഒരേയൊരു ഗാനം ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ മൂഡിനനുസരിച്ച് പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ രാഹുൽരാജ് വിജയിച്ചു.
»OVERALL VIEW
■തുടക്കം മുതൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടുള്ള ഒരു എന്റർടൈനർ. അതിനു വേണ്ട ചേരുവകൾ ചേർത്തൊരുക്കിയ തിരക്കഥ, മികച്ച ആവിഷ്കാരം. നായകന്റെ സ്വഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്, നർമ്മ മുഹൂർത്തങ്ങളിലൂടെ, പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക് കടന്നുചെന്ന്, ബോറടിക്കാത്ത വിധത്തിൽ അവസാനിച്ച ആദ്യപകുതിയും, കാലോചിതമായ വിഷയങ്ങളിലൂടെ, ഉദ്വേഗം നിലനിറുത്തിക്കൊണ്ട് കടന്നുപോയ രണ്ടാം പകുതിയും, തൃപ്തികരമായ ക്ലൈമാക്സും.
■ഗ്രാമീണപശ്ചാത്തലത്തിൽ ആരംഭിച്ച്, ഗ്രാമീണപശ്ചാത്തലത്തിൽ അവസാനിക്കുന്ന ഈ ചിത്രം, പ്രസക്തമായ ചില വിഷയങ്ങൾക്കൂടി പറഞ്ഞുപോകുന്നു. ഒരേസമയം പണത്തോടും പദവികളോടും പെണ്ണിനോടുമുള്ള പുരുഷന്റെ അടങ്ങാത്ത ആർത്തി, സൗഹൃദം, നായകന്റെ വൈകാരിക സംഘർഷങ്ങൾ എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം കൊടുത്തു. പുരുഷന്റെ ആഗ്രഹങ്ങൾക്ക് പാത്രമാവേണ്ടിവന്ന സ്ത്രീകൾ അനുഭവിക്കുന്ന വ്യഥകൾ അതേപടി പകർത്തപ്പെട്ടിട്ടുണ്ട്.
■ധാരാളം പോലീസ് കഥകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്. നന്മയുടെ നിറകുടങ്ങളായ ധാരാളം പോലീസ് ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുമുണ്ട്. എന്നാൽ ഇതൊരു ശ്രേഷ്ടനായ പൊലീസുദ്യോഗസ്ഥന്റെ കഥയല്ല. എല്ലാ പോലീസുകാരും 'എല്ലാം' തികഞ്ഞവരാണെന്നുള്ള ധാരണകളെ കാറ്റിൽപ്പറത്തിക്കൊണ്ട്, ആഭാസനായ ഒരു പോലീസ് ഉദ്യോഗസ്ഥനിലൂടെ കഥ പറഞ്ഞുപോകുന്നു. കേസന്വേഷണത്തിലൂടെ തന്റെ സ്വഭാവം മാറ്റപ്പെട്ട, നീതിമാനായ ഒരു നായകനേയും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
■ക്ലീഷേകളെ പരമാവധി ഒഴിവാക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ ട്രാൻസ്‌ഫോർമേഷൻ കാണിക്കുന്നതിൽ നിന്നും അത് മനസ്സിലാക്കാം. കൃത്രിമത്വം തോന്നാത്ത രീതിയിൽ, പ്രേക്ഷകനെ മുഷിപ്പിക്കാതെ, ആസ്വാദനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രം അവസാനിപ്പിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ് ഉൾപ്പെടെ, ടെക്നിക്കൽ വശങ്ങളിലും ചിത്രം മികച്ചുനിന്നു.
■വികലഹാസ്യങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല, ഏൽക്കാതെ പോയ നർമ്മസംഭാഷണങ്ങളും ഇല്ല. കയ്യടിക്കാതിരിക്കുവാൻ കഴിയാത്ത, ഉരുളയ്ക്കുപ്പേരി പോലുള്ള പഞ്ച് ഡയലോഗുകളുണ്ട്. സ്ത്രീവിരുദ്ധത നിഴലിക്കുന്ന ചില സംഭാഷണങ്ങളും, ഏതാനും ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. മുകുന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമൊത്തുള്ള നായകന്റെ സംഭാഷണം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു.
■അന്വേഷണോദ്യോഗസ്ഥൻ തന്റെ കഴിവുപയോഗിച്ച് തെളിയിക്കേണ്ട, കേസിന് ഉപോൽബലകമായ വസ്തുതകൾ, ചില കേന്ദ്ര കഥാപാത്രങ്ങളുടെ സ്വമേധയാലുള്ള ഏറ്റുപറച്ചിലിലൂടെ ആഖ്യാനിക്കാൻ ശ്രമിച്ചത്, അനൗചിത്യപരമായിത്തോന്നി.
■ഒരു തുടക്കക്കാരന്റെതായ യാതൊരു വിധ അങ്കലാപ്പുകളോ, പരിചയക്കുറവോ ചിത്രത്തിലെങ്ങും പ്രകടമായിരുന്നില്ല എന്നത് പ്രശംസാർഹമാണ്. ഈ ചിത്രം, ആരാധകർക്കും പൊതുപ്രേക്ഷക സമൂഹത്തിനും ആഘോഷിക്കത്തക്കവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം എനിക്ക് നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഞാൻ 'കസബ'ക്ക് അഞ്ചിൽ മൂന്നരമാർക്ക് നൽകുവാൻ ആഗ്രഹിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ, ധൈര്യമായി ടിക്കറ്റെടുക്കാം, കസബ നിങ്ങളെ നിരാശരാക്കുകയില്ല.
click here:https://m.facebook.com/keralamovieclub
➟വാൽക്കഷണം:
■ഈ ചിത്രത്തെ ട്രോളിയവർക്കുള്ള മറുപടിയെന്നവണ്ണം, ICU, TROLL MALAYALAM, TROLL MOLLYWOOD എന്നീ ട്രോൾ പേജുകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രമാരംഭിച്ചത്. എന്തുതന്നെയായാലും, ചിത്രത്തെ ആക്ഷേപിച്ചവർക്കെല്ലാം ഇനി തൽക്കാലം വിശ്രമിക്കാവുന്നതാണ്..!
കസബ ഡാ .....
No comments:
Post a Comment